സ്വഹാബയറിഞ്ഞ മുത്ത് നബി
ബദ്റിൽ
വരിയൊപ്പിച്ച് നിർത്തുമ്പോഴാണ്
സവാദോര്
നോവിച്ചതിനു
പകരം ചോദിച്ചത്.
തിരുനബി കുപ്പായമുയർത്തി.
പവിഴം പോലെ തിളങ്ങുന്ന ഉദരത്തിൽ
മതിവരുവോളം ചുംബിച്ച് സവാദുറക്കെ പറഞ്ഞു,
'ഇനി മരണം പുൽകിയാലും പ്രശ്നമില്ലെ'ന്ന്.
തിരുസദസ്സിൽ
സാകൂതമിരിക്കുകയാണ്
അസ്ഹാബ്.
ആദ്യക്കനി കാണിക്കയായ്
നൽകാനൊരു
ബദു വന്നുവപ്പോൾ.
പതിവിനെതിരായ്
പങ്കു വെക്കാതെ
മുഴുവൻ ഭക്ഷിച്ചു
തിരുനബിയവയെല്ലാം.
ആരാഞ്ഞപ്പോൾ
ചില്ലു ഹൃദയം(*1)
പറഞ്ഞുവത്രേ,
'മുന്തിരി ചവർപ്പായിരുന്നെന്ന്,
നിങ്ങളുടെ മുഖഭാവം കണ്ടയാൾ വിശമിച്ചാലോ'ന്ന് ഭാവിച്ചെന്ന്.
തളിരിലകൾ പോൽ മൃദുലമാം പാദം
നീരിറങ്ങി വീർത്തിട്ടും,
രാവേറെ വൈകിയും,
റബ്ബിനോടുള്ള മുനാജാത്തിലായിരുന്നു (*2).
എന്തിനാണിതൊക്കെയെന്നന്വേഷിച്ചപ്പോൾ,
പാപ സുരക്ഷിതരാം മുത്ത് മറുപടി നൽകിയത്രേ,
'നന്ദിയുള്ളവനാകാനാണെ'ന്ന്.
നബിയും അനുചരരും
ദൂരെ ദിക്കിലേക്ക്
യാത്ര പുറപ്പെട്ടതാണ്.
ഒരുപാട് പേരുണ്ടെങ്കിലും
വാഹനങ്ങൾ
വിരലിലെണ്ണാവുന്നത്ര മാത്രം.
ചിലർ ഒട്ടകപ്പുറത്ത്,
മറ്റുള്ളവർ കാൽ നടയായും.
ഇടക്ക് ഊഴം മാറുന്നു.
ഊഴമവസാനിച്ചിട്ടും സഹയാത്രികർ ഒട്ടകപ്പുറത്ത്
തുടരാൻ അഭ്യർത്ഥിച്ചെങ്കിലും
തിരുമേനി സ്നേഹപൂർവ്വം നിരസിച്ചത്രേ.
ഹബീബിന്റെ പൂമേനിയിൽ
ഈത്തപ്പനപ്പായ നൽകിയ
അടയാളങ്ങൾ കണ്ട
ഉമറിൻ്റെ കണ്ണുകൾ നിറഞ്ഞു.
അദ്ദേഹത്തെ നോക്കി
റസൂൽ മൊഴിഞ്ഞത്രേ,
'ഞാനും ഇഹലോകവുമെന്തിരിക്കുന്നു'വെന്ന്.
സ്വഫ്‌വാനൊരിക്കൽ
ദാനം ചോദിച്ചു ചെന്നു.
ഉദാരസാഗരമാം തിങ്കൾ
താഴ്‌വര നിറയെ
ആട്ടിൻ പറ്റത്തെ
നൽകിയത്രേ.
ഒടുവിൽ,
അവരൊന്നിച്ചുറക്കെ
ഹബീബിനെ വിളിച്ചുവത്രെ,
'ഓ സമ്പൂർണ്ണരിൽ സമ്പൂർണരേ..' എന്ന്
1- തിരുനബി
2 - നിസ്കാരം
Comments
Post a Comment